03:25am 13 November 2026
NEWS
​നേറ്റിവിറ്റി കാർഡിന് കള്ളം പറഞ്ഞാൽ കുടുങ്ങും: 3 മാസം തടവോ പിഴയോ ശിക്ഷ; പൗരത്വവുമായി ബന്ധമില്ലെന്ന് സർക്കാർ
22/02/2026  10:25 AM IST
സുരേഷ് വണ്ടന്നൂർ
​നേറ്റിവിറ്റി കാർഡിന് കള്ളം പറഞ്ഞാൽ കുടുങ്ങും: 3 മാസം തടവോ പിഴയോ ശിക്ഷ; പൗരത്വവുമായി ബന്ധമില്ലെന്ന് സർക്കാർ

​തിരുവനന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായ 'നേറ്റിവിറ്റി കാർഡ്' (Nativity Card) സ്വന്തമാക്കാൻ തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് കനത്ത തിരിച്ചടി. വ്യാജവിവരങ്ങൾ നൽകി കാർഡ് കൈക്കലാക്കാൻ ശ്രമിച്ചാൽ മൂന്നുമാസം വരെ തടവോ അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ നടപടികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന 'കേരള നേറ്റിവിറ്റി കാർഡ് ' ബില്ലിലാണ് ഈ കർശന വ്യവസ്ഥകളുള്ളത്.

​പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:

​ശിക്ഷ: തെറ്റായ വിവരങ്ങൾക്ക് 3 മാസം തടവ് 5000 രൂപ പിഴ.
​ഉദ്ദേശ്യം: സർക്കാർ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കുമുള്ള ആധികാരിക രേഖ.
​പരിധി: ഇത് പൗരത്വ രേഖയല്ല. പൗരത്വവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.

​ആർക്കൊക്കെ അപേക്ഷിക്കാം?

​കേരളത്തിൽ ജനിച്ചവർക്കും വിദേശ പൗരത്വം സ്വീകരിക്കാത്തവർക്കുമാണ് നേറ്റിവിറ്റി കാർഡിന് അർഹതയുള്ളത്. കൂടാതെ:
​പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും എന്നാൽ വിദേശ പൗരത്വം സ്വീകരിക്കാത്തവരുമായവർക്കും അപേക്ഷിക്കാം.
​നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം ഒരാൾ വിദേശ പൗരത്വം സ്വീകരിച്ചാൽ ആ കാർഡ് സ്വയമേവ അസാധുവാകും.

​ഉദ്യോഗസ്ഥർക്ക് നിയമപരിരക്ഷ

​നിയമപ്രകാരം ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ കോടതികൾക്ക് ഇത്തരം കേസുകൾ വിചാരണയ്ക്ക് എടുക്കാൻ സാധിക്കൂ. ഉത്തമവിശ്വാസത്തോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് സംരക്ഷിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിനായി സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

​പൗരത്വ തർക്കം ഒഴിവാക്കി

​നേരത്തെ ഈ കാർഡ് പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, പൗരത്വം കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമായതിനാൽ ബില്ലിൽ നിന്ന് അത് ഒഴിവാക്കി. ആധാർ കാർഡ് പോലും പൗരത്വരേഖയല്ലാത്ത സാഹചര്യത്തിൽ, നേറ്റിവിറ്റി കാർഡ് സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ആവശ്യങ്ങൾക്കായി മാത്രമാകും ഉപയോഗിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img